Headlines

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച: കോച്ചിങ് സെന്റർ ഉടമയുടെ മകന് രണ്ട് വർഷം പരീക്ഷാവിലക്ക്

മുംബൈ: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിയും ലാത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഉടമയുമായ ശിവരാജ് മോതെഗാവ്കറുടെ മകൻ ആദിത്യ മോതെഗാവ്കറിന് രണ്ട് വർഷത്തേക്ക് പരീക്ഷാ വിലക്ക്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻടിഎ) നടപടി സ്വീകരിച്ചത്.

ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ശിവരാജ് മോതെഗാവ്കർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എൻടിഎയുടെ ചോദ്യപേപ്പർ തയാറാക്കുന്ന പാനൽ അംഗമായിരുന്ന പി.വി. കുൽക്കർണിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകി ചോദ്യങ്ങൾ വാങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ ചോദ്യങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾക്ക് പരിശീലനം നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായി.

ശിവരാജ് നടത്തിയ പരിശീലന ക്ലാസുകളിൽ മകനായ ആദിത്യയും പങ്കെടുത്തിരുന്നു. മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയിൽ ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ജൂൺ 21ന് നടത്തിയ പുനഃപരീക്ഷയിലും ആദിത്യ പങ്കെടുത്തു. തുടർന്ന് ഫലം തടഞ്ഞുവെച്ച് എൻടിഎ വിശദീകരണം തേടുകയായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വർഷത്തെ പരീക്ഷാ വിലക്ക് ഏർപ്പെടുത്തിയത്.

മെഡിക്കൽ പ്രവേശനത്തിനായി എൻടിഎ നടത്തുന്ന പരീക്ഷയാണ് നീറ്റ് യുജി. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മെയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് പ്രതിഷേധങ്ങളും വിവാദങ്ങളും ശക്തമായതോടെ ജൂൺ 21ന് പുനഃപരീക്ഷ നടത്തി.

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ഡൽഹിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സിബിഐ കഴിഞ്ഞ മാസം അന്തിമ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading