
ലഖ്നൗ: ഉത്തർപ്രദേശിലെ അമ്രോഹയിൽ 24കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും അറസ്റ്റിൽ. ഹസൻപൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സഞ്ജയ് തോമർ, ഹെഡ് കോൺസ്റ്റബിൾ പ്രമോദ്, സിആർപിഎഫ് സബ് ഇൻസ്‌പെക്ടർ മോഹിത്, ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശിനിയാണ് യുവതി.
അമ്രോഹയിലെ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സഹായിക്കാമെന്ന് പരിചയക്കാരിയായ ഒരു സ്ത്രീ വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് യുവതി മോഹിത്തിനെ പരിചയപ്പെടുന്നത്. സെപ്റ്റംബർ 21ന് സോനിപത്തിൽവച്ച് യുവതി മോഹിത്തിനെ കണ്ടു. തുടർന്ന് മീററ്റിലെത്തിയ ഇവർക്കൊപ്പം അൽവാർ സ്വദേശിയായ ലാലാറാം യാദവും ചേർന്നു.
സെപ്റ്റംബർ 22ന് ഇരുവരും ചേർന്ന് യുവതിയെ കാറിൽ കയറ്റി ഹസൻപൂരിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ സഞ്ജയ് തോമറും സംഘത്തോടൊപ്പം ചേർന്നു. തുടർന്ന് അത്രസി–ഹസൻപൂർ റോഡിലെ ഫാംഹൗസിലെത്തിച്ച യുവതിയെ ഇവിടെ രണ്ട് മുറികളിലായി താമസിപ്പിച്ചു. പ്രതികൾക്കായി പ്രമോദ് മദ്യവും ഭക്ഷണവും എത്തിച്ചുനൽകിയെന്നാണ് പൊലീസ് പറയുന്നത്.
വൈകിട്ടോടെ മോഹിത്, ലാലാറാം യാദവ്, സഞ്ജയ് തോമർ എന്നിവർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. തുടർന്ന് പ്രമോദും യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ യുവതി ഇയാളെ തള്ളിമാറ്റി മുറിയിൽനിന്ന് പുറത്താക്കി വാതിലടച്ചു. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഹസൻപൂർ, രാജബ്പൂർ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവതിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
