Headlines

ജന്തർ മന്തറിലെ പ്രതിഷേധവേദി നിയന്ത്രണം; കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിനെ പ്രതിഷേധവേദിയെന്ന പദവിയിൽനിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. അഭിഭാഷക സ്വാതി സിങ് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ.

ഒക്ടോബർ 9-ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ ജന്തർ മന്തറിനെ സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് കോടതി ആരാഞ്ഞു. സമാധാനപരമായി സംഘടിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ് ഡൽഹി പൊലീസിന്റെ നടപടിയെന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

അതേസമയം, ഒക്ടോബർ 9-ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല ഡൽഹി പൊലീസ് നടപടിയെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. പ്രതിഷേധങ്ങൾക്ക് ബദൽ വേദികൾ കണ്ടെത്തുന്നതിനുള്ള നടപടികൾ കേന്ദ്രം നേരത്തേ തന്നെ ആലോചിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.

സർക്കാർ സമർപ്പിക്കുന്ന സത്യവാങ്മൂലം പരിശോധിച്ചശേഷം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാമെന്ന് കോടതി നിരീക്ഷിച്ചു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading