Headlines

സിജെപിയുമായി അടുക്കാൻ കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പോരാട്ടം വിപുലീകരിക്കുന്നു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്രാച്ച് ജനതാ പാർട്ടിയുമായുള്ള (സിജെപി) സമീപനത്തിൽ മാറ്റംവരുത്തി കോൺഗ്രസ്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന ചായസൽക്കാരത്തിലേക്ക് ക്ഷണിച്ചതായാണ് വിവരം. പ്രശാന്ത് ഭൂഷൺ മുഖേന സിജെപി നേതൃത്വത്തെ അടുപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

സിജെപി ആം ആദ്മി പാർട്ടിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം ശ്രദ്ധേയമാകുന്നത്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിൽ സിവിൽ സൊസൈറ്റി സംഘടനകളെയും വിവിധ ജനകീയ പ്രസ്ഥാനങ്ങളെയും പങ്കാളികളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിജെപിയോടുള്ള സമീപനത്തിൽ മാറ്റം വരുത്തുന്നത്.

സിജെപിയുടെ പ്രതിഷേധത്തെ പരാമർശിച്ച് എല്ലാ പ്രതിഷേധങ്ങളും ഒരേ ലക്ഷ്യത്തിലേക്കുള്ളതാണെന്ന് രാഹുൽ ഗാന്ധി തിങ്കളാഴ്ച എക്സിൽ കുറിച്ചിരുന്നു. എന്നാൽ, സിജെപിയെ വിദ്യാർഥി സംഘടനയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ചായസൽക്കാരത്തിലേക്ക് ക്ഷണം ലഭിച്ചത്. പ്രശാന്ത് ഭൂഷൺ മുഖേന സിജെപി നേതാക്കളെ എത്തിക്കാൻ ശ്രമിച്ചെങ്കിലും ദീപ്കെ മഹാരാഷ്ട്രയിലായിരുന്നതിനാലും മറ്റ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനാലും ആർക്കും പങ്കെടുക്കാനായില്ലെന്നാണ് വിവരം.

ജനാധിപത്യ സംരക്ഷണത്തിനായി മുന്നോട്ടുവരുന്ന എല്ലാവരെയും ഒരുമിപ്പിക്കുകയാണ് ഇന്ത്യാ സഖ്യത്തിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഏതെങ്കിലും പാർട്ടിയുടെ കൊടി പിടിക്കണമെന്ന നിർബന്ധമില്ലെന്നും ജനാധിപത്യം സംരക്ഷിക്കാൻ തയ്യാറുള്ളവരെല്ലാം പ്രക്ഷോഭത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പരമ്പരാഗത സമരരീതികളിൽനിന്ന് മാറി ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന രീതിയിലാണ് കോൺഗ്രസ് പുതിയ പ്രക്ഷോഭങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും വേണുഗോപാൽ പറഞ്ഞു. വൻ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനുപകരം ജനക്കൂട്ടമുള്ള ഇടങ്ങളിൽ നേരിട്ടെത്തി വിഷയം അവതരിപ്പിച്ച് യുവാക്കളെയും പുതിയ തലമുറയെയും ആകർഷിക്കാനാണ് നീക്കം.

ഡൽഹി കേന്ദ്രീകരിച്ചുള്ള ആദ്യഘട്ട പ്രക്ഷോഭത്തിനുശേഷം സമരം ഗ്രാമങ്ങളിലേക്കും ബൂത്തുതലങ്ങളിലേക്കും വ്യാപിപ്പിക്കും. വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടവരെ കണ്ടെത്തി അവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുന്നതിനായി ഒരു മാസം നീളുന്ന ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ ക്യാമ്പയിനും സംഘടിപ്പിക്കുമെന്ന് വേണുഗോപാൽ അറിയിച്ചു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading