Headlines

അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; തീരത്ത് കള്ളക്കടൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

വടക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ തെക്കൻ ഒഡിഷയ്ക്കും മുകളിലായി തുടരുന്ന അതിതീവ്ര ന്യൂനമർദ്ദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. തുടർന്ന് ക്രമേണ ദുർബലമായി തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് വിലയിരുത്തൽ. തുടർന്നും വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ദുർബലമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്‌

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് സെപ്റ്റംബർ 26 രാത്രി 11.30 വരെ 0.3 മുതൽ 1.1 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കന്യാകുമാരി തീരത്തും ഇതേ കാലയളവിൽ 0.9 മുതൽ 1.6 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. തിരമാല ശക്തമാകുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിൽ ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും അപകടകരമായതിനാൽ ഇരു നടപടികളും ഒഴിവാക്കണം.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുകയും വേണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും തീരശോഷണ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading