
തിരുവനന്തപുരം: കോവളത്തെ സ്പാ സെന്ററിൽ ആന്ധ്ര സ്വദേശിനിയായ 16കാരിയെ പീഡിപ്പിച്ച കേസിൽ മുഖ്യ ഇടനിലക്കാരി വാണിയെ ബെംഗളൂരുവിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കേരളത്തിലെത്തിച്ചത് വാണിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കേസിൽ കഴിഞ്ഞ ദിവസം വെങ്ങാനൂർ വെണ്ണിയൂർ കക്കാക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർ വി. മായയെ (42) അറസ്റ്റ് ചെയ്തിരുന്നു. സ്പാ നടത്തിപ്പുകാരിൽനിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം മായയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായി പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ സ്പായിലെത്തിച്ച ഇളയമ്മയെയും ഇവരോടൊപ്പം താമസിക്കുന്ന യുവാവിനെയും ആന്ധ്രാപ്രദേശിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. തൊഴിച്ചലിലും ചപ്പാത്തിലും ആയുർവേദ സ്പാകൾ നടത്തുന്ന സജിത്ത് കുമാർ (47), ആവാടുതുറയിലെ ഡ്രീംസ് സ്പാ ഉടമ നിഷാന്ത് (46) എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്. അനുരൂപിനെ നവംബർ രണ്ടിന് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 21ന് പെൺകുട്ടിയെ കാണാനില്ലെന്ന് ഇളയമ്മ നൽകിയ പരാതിയിലാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊബൈൽ ഫോണിൽനിന്ന് രണ്ട് ആധാർ കാർഡുകൾ കണ്ടെത്തിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ഒരു കാർഡിൽ പ്രായം 20 എന്നും മറ്റൊന്നിൽ 16 എന്നും രേഖപ്പെടുത്തിയിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവന്നത്.
