Headlines

5000 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; ബിഎൽഎം ചെയർമാൻ പ്രേംകുമാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കോഴിക്കോട്: മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ 5000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്നെന്ന കേസിൽ ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (ബിഎൽഎം) ചെയർമാൻ പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ചെന്നൈയിലെ വസതിയിൽനിന്നാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പ്രേംകുമാറിന്റെ അറസ്റ്റ് സംബന്ധിച്ച വാർത്ത ബിഎൽഎം നിഷേധിച്ചു.

നിക്ഷേപം സ്വീകരിക്കുന്നതിന്റെ മറവിൽ വൻതോതിൽ പണം സമാഹരിച്ച് സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സൊസൈറ്റിയുടെ പേരിൽ പിരിച്ചെടുത്ത പണം പ്രേംകുമാറിന്റെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായും റിസോർട്ടുകൾ, ഹോട്ടലുകൾ തുടങ്ങിയ ആസ്തികൾ വാങ്ങാൻ ഉപയോഗിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

380 അക്കൗണ്ടുകൾ പരിശോധിച്ചു.ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഎൽഎമ്മിന് കേരളത്തിൽ മാത്രം 130 ശാഖകളുണ്ട്. തമിഴ്നാട്ടിലും പുതുച്ചേരിയിലും ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ഏജന്റുമാർ മുഖേന ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപങ്ങൾ ഉൾപ്പെടെ വൻതുകകൾ നിരവധി പേരിൽനിന്ന് സമാഹരിച്ചതായാണ് കണ്ടെത്തൽ.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഎൽഎമ്മിന് കേരളത്തിൽ മാത്രം 130 ശാഖകളുണ്ട്. തമിഴ്നാട്ടിലും പുതുച്ചേരിയിലും ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ഏജന്റുമാർ മുഖേന ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപങ്ങൾ ഉൾപ്പെടെ വൻതുകകൾ നിരവധി പേരിൽനിന്ന് സമാഹരിച്ചതായാണ് കണ്ടെത്തൽ.

സംശയാസ്പദമായ 380 ബാങ്ക് അക്കൗണ്ടുകൾ ഇതിനകം പരിശോധിച്ചതിൽ 200 എണ്ണത്തിന് ബിഎൽഎമ്മുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകളുടെ വിവരങ്ങൾ മാത്രമാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. കറൻസിയായി നേരിട്ടും വൻതുകകൾ സ്വീകരിച്ചിട്ടുണ്ടെന്ന സംശയത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് സെപ്റ്റംബർ അവസാനം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

റിസോർട്ടിന് 17 കോടി, ജ്വല്ലറിക്ക് 15.2 കോടി.തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രേംകുമാറിന്റെ ഭാര്യയുടെ പേരിൽ ആരംഭിച്ച റിസോർട്ടിനായി ബിഎൽഎമ്മിൽനിന്ന് 17 കോടി രൂപ കൈമാറിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തൃശൂരിൽ പ്രേംകുമാറിന്റെ അടുത്ത ബന്ധു ആരംഭിച്ച ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് 15.2 കോടി രൂപ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

ജ്വല്ലറി ആരംഭിക്കുന്നതിനായി 30 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചെന്നാണ് വിവരം. എന്നാൽ, പ്രവർത്തനം ആരംഭിച്ച് രണ്ടുമാസത്തിനുള്ളിൽ സ്ഥാപനം അടച്ചുപൂട്ടി. സൊസൈറ്റിയുടെ പണം ഉപയോഗിച്ച് വിവിധ സ്ഥാപനങ്ങളും ആസ്തികളും സമ്പാദിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുവരികയാണ്.

മാലി ആൻഡ് മാൻവി, പാഞ്ചി അമ്മാൾ ഹോട്ടൽ, മനു ഗോൾഡ്, വൈബിഎം ട്രാവൽസ്, വൈബിഎം ട്രാൻസ്‌പോർട്ട്, വൈബിഎം കൺസ്ട്രക്ഷൻ, ഒഎം സ്പാർക്ക്, ആർജവ റിയൽ എസ്റ്റേറ്റ്, വെസ്റ്റ് എൻഡ് അവന്യൂ, മംഗൾഭൂമി ഫാമിങ്, മംഗൾഭൂമി കൃഷി, മാലി ആൻഡ് മാൻവി മൂവി, ഫോഷ്യ തുടങ്ങിയ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഫോഷ്യയുടെ കീഴിൽ വൈബ്, ഫോഗ്, സീയുസ് തുടങ്ങിയ റിസോർട്ടുകൾ സ്ഥാപിച്ചതായും റിപ്പോർട്ടിലുണ്ട്.

സൊസൈറ്റിയുടെ മുൻ സിഇഒ നവീൻ നൽകിയ പരാതിയിലാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. സൊസൈറ്റിയുടെ മറവിൽ 80 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടന്നെന്നായിരുന്നു നടക്കാവ് പൊലീസിൽ നൽകിയ പരാതി. കേസിന്റെ വ്യാപ്തിയും സാമ്പത്തിക ഇടപാടുകളുടെ ഗൗരവവും കണക്കിലെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്നെന്ന സംശയത്തിലേക്ക് അന്വേഷണസംഘം എത്തിയത്.

നിക്ഷേപകരിൽനിന്ന് സമാഹരിച്ച പണം എവിടേക്കെല്ലാം കൈമാറിയെന്നും അതിലൂടെ സമ്പാദിച്ച ആസ്തികളുടെ യഥാർഥ ഉടമസ്ഥത ആരുടേതാണെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Leave a Reply