Headlines

ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി; പിന്നാലെ സഹോദരനും ജീവനൊടുക്കി

തൃശൂർ: ചിറ്റിശേരിയിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തിയശേഷം സഹോദരൻ ജീവനൊടുക്കിയതായി സംശയം. ചിറ്റിശേരി സ്വദേശികളായ ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.30ഓടെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്ദിരയുടെ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചതിന്റെ ലക്ഷണങ്ങളും മുറിയിലുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇന്ദിരയെ കൊലപ്പെടുത്തിയശേഷം തൊട്ടടുത്ത മുറിയിൽ അപ്പു തൂങ്ങിമരിച്ചതായാണ് പ്രാഥമിക നിഗമനം.

മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇന്ദിരയെ ദീർഘകാലമായി അപ്പുവും കുടുംബവുമാണ് പരിചരിച്ചിരുന്നത്. സഹോദരിയുടെ തുടർപരിചരണവുമായി ബന്ധപ്പെട്ട പ്രയാസങ്ങളാകാം സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. എന്നാൽ സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. ചുമട്ടുതൊഴിലാളിയായ അപ്പുവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Leave a Reply