
കൊച്ചി: ചേരാനല്ലൂരിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് പതിനേഴുകാരന്റെ പിതാവായ ജില്ലാ ജഡ്ജിയെ ചോദ്യം ചെയ്ത് പൊലീസ്. ആലുവ കമ്പനിപ്പടിയിലെ ഫ്ളാറ്റിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. തന്റെ അറിവോടെയല്ല മകൻ വാഹനമെടുത്തതെന്നും ഉറങ്ങാൻ കിടന്ന സമയത്താണ് വാഹനവുമായി പുറത്തുപോയതെന്നുമാണ് ജഡ്ജി മൊഴി നൽകിയതെന്നാണ് വിവരം.
അപകടത്തിന് പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജി റിപ്പോർട്ട് നൽകി. തൃശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
പൊലീസ് സ്റ്റേഷനിലെത്തുന്നതിന് മുമ്പ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അനുമതി തേടിയിരുന്നില്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം. ജില്ലാ ജഡ്ജിയുടെ നടപടി വീഴ്ചയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതിയുടെ ഭരണനിർവഹണ സമിതി റിപ്പോർട്ട് പരിശോധിക്കും.
അപകടം നടന്നതിന് പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഗുരുതരമായ ആരോപണവും ഉന്നയിച്ചിരുന്നു. പ്രതിയായ പതിനേഴുകാരനെ ജയിലിലെത്തിച്ച സമയത്ത് ജഡ്ജി അവിടെയുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ പൊലീസിന്റെ അന്വേഷണത്തിനൊപ്പം ജില്ലാ ജഡ്ജിയുടെ നടപടിയും ഹൈക്കോടതിയുടെ പരിശോധനയ്ക്ക് വിധേയമാകുകയാണ്.
