Headlines

ശിശുമരണങ്ങൾ ആവർത്തിക്കുന്നു; അട്ടപ്പാടിയിൽ മൂന്ന് മാസത്തിനിടെ ഒമ്പത് മരണം

പാലക്കാട്: അട്ടപ്പാടിയിൽ നവജാതശിശുമരണങ്ങൾ തുടർക്കഥയാകുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയ മുരുകേഷ്–ശിവകാമി ദമ്പതികളുടെ 15 ദിവസം പ്രായമായ ആൺകുഞ്ഞ് മരിച്ചു. ഞായറാഴ്ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ അട്ടപ്പാടിയിൽ മൂന്നുമാസത്തിനിടെ മരിച്ച നവജാതശിശുക്കളുടെ എണ്ണം ഒമ്പതായി.

ശിവകാമിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ സ്കാനിങ്ങിൽ കുഞ്ഞിന്റെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് മലദ്വാരമില്ലായ്മയും അതിനെത്തുടർന്നുള്ള ഗുരുതര ഹൃദ്രോഗവും കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

10ന് ജനിച്ച കുഞ്ഞിന് 17നും 24നും ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടത്തറ ആശുപത്രിയിൽ കൃത്യമായ പരിശോധനയും ചികിത്സയും ലഭിച്ചിരുന്നെങ്കിൽ രോഗാവസ്ഥ നേരത്തേ കണ്ടെത്താനാകുമായിരുന്നുവെന്നും ചികിത്സയിലെ വീഴ്ചയാണ് മരണത്തിന് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. ആരോപണങ്ങളിൽ ആശുപത്രി അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.

നാല് ദിവസത്തിനിടെ അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ നവജാതശിശുമരണമാണിത്. ഷോളയൂർ വെച്ചപ്പതി ഉന്നതിയിലെ ജ്യോതിമണി–ബിജു ദമ്പതികളുടെ 20 ദിവസം പ്രായമായ ആൺകുഞ്ഞ് ഈ മാസം 21ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു. തൂക്കക്കുറവുള്ള കുഞ്ഞിന് പരിചരണം നൽകുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചെന്നാണ് അന്നും ബന്ധുക്കൾ ആരോപിച്ചത്.

ഒരു മാസത്തിനിടെ അട്ടപ്പാടിയിൽ നാല് നവജാതശിശുക്കൾ മരിച്ചതായാണ് റിപ്പോർട്ട്. ശിശുമരണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ആദിവാസി മേഖലകളിലെ ഗർഭിണികൾക്കും നവജാതശിശുക്കൾക്കും ലഭിക്കുന്ന ആരോഗ്യപരിചരണത്തിന്റെ ഗുണനിലവാരം വീണ്ടും ചർച്ചയാകുകയാണ്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading