Headlines

ഡൽഹിയിലെ സമരത്തിന് ഐക്യദാർഢ്യം; കണ്ണൂരിൽ പയ്യാമ്പലത്ത് ജന്തർ മന്തർ സമരത്തെരുവ്

കണ്ണൂർ: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ രാജ്യത്തുടനീളം ആയിരം ജന്തർ മന്തറുകൾ ഉയരുമെന്ന പ്രഖ്യാപനവുമായി കണ്ണൂർ പയ്യാമ്പലത്ത് പ്രതിഷേധ ജ്വാല. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ, എസ്എഫ്ഐ, ബാലസംഘം ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് ജന്തർ മന്തർ സമരത്തെരുവ് സംഘടിപ്പിച്ചത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രക്ഷോഭം അടിച്ചമർത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന കേന്ദ്രനടപടിക്കെതിരെ ജനാധിപത്യ വിശ്വാസികളായ ആയിരങ്ങൾ പയ്യാമ്പലത്ത് സംഘടിപ്പിച്ച ‘പാട്ടും പറച്ചിലും’ പരിപാടിയിൽ പങ്കെടുത്തു.

ഭരണഘടനയെയും ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഇല്ലാതാക്കാനുള്ള ആർഎസ്എസ് അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനുള്ള താക്കീതായി പ്രതിഷേധം മാറി. പ്രതിഷേധിക്കാനുള്ള വിദ്യാർഥികളുടെയും യുവജനങ്ങളുടെയും അവകാശം ഹനിക്കുകയും പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ നേരിടുകയും ചെയ്ത നടപടികൾക്കെതിരെ വരും ദിവസങ്ങളിലും പയ്യാമ്പലത്ത് പ്രതിഷേധം ശക്തമാക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽനിന്ന് പയ്യാമ്പലത്തേക്ക് പ്രകടനവും നടന്നു. കവി കുരീപ്പുഴ ശ്രീകുമാർ സമരത്തെരുവ് ഉദ്ഘാടനം ചെയ്തു.

Leave a Reply