
കണ്ണൂർ: വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി പ്രമുഖ വ്ലോഗർ ശിവത്തിൽ അനൂപ് മരിച്ചു. മാഹി പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരണത്തിനായി സുഹൃത്തിനൊപ്പം പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ഷമീർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ അനൂപും ഷമീറും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ച അനൂപ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഷമീറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കണ്ണൂരിലെ വിവിധ പരിപാടികളും പ്രാദേശിക വിഷയങ്ങളും വ്ലോഗുകളിലൂടെ അവതരിപ്പിച്ചാണ് അനൂപ് ശ്രദ്ധേയനായത്. ഫെയ്സ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്ന അദ്ദേഹം പൊതുജനങ്ങളുടെ പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.
