
തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. പാർട്ടിയിലെ കാര്യങ്ങൾ മുഖ്യമന്ത്രിയും നേതൃത്വവും ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവർ നോക്കിക്കൊള്ളുമെന്നും മുന്നണിയിൽ ആവശ്യമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും റോജി എം ജോൺ പറഞ്ഞു.
ചാനലുകൾ ആവശ്യപ്പെടുന്നതുപോലെ പ്രതികരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും വിഷയങ്ങളിൽ നേതൃത്വം തന്നെ വിശദീകരണം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മുന്നണിയുമായി കൂടിയാലോചനയില്ലാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്ന അടൂർ പ്രകാശിന്റെ വിമർശനത്തിനുള്ള മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ കഴിഞ്ഞ ദിവസം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചാണ് അടൂർ പ്രകാശ് രംഗത്തെത്തിയത്. മാധ്യമങ്ങളിലൂടെയാണ് പല സുപ്രധാന വിവരങ്ങളും അറിയുന്നതെന്നും യുഡിഎഫുമായി കൂടിയാലോചിക്കാതെയാണ് മുഖ്യമന്ത്രി പല തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിമർശനം.
ബോർഡ്, കോർപറേഷൻ നിയമനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് നടപ്പാക്കിയതെന്നും യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നോട് ആലോചിക്കാതെയാണ് സംസ്ഥാനത്ത് പല കാര്യങ്ങളും നടക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാർ ഫലപ്രദമായി ഇടപെട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
വിമാനയാത്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി യഥാർഥ സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തുറന്നുപറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പുകളിൽ വേണ്ടത്ര സംഘടനാ പ്രവർത്തനം ഉണ്ടായില്ലെന്നും ചിറയിൻകീഴിൽ രമ്യ ഹരിദാസുമായി ബന്ധപ്പെട്ട വിഷയത്തിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന കമ്മിറ്റി ചേർന്നിട്ട് നാലുമാസമായെന്നും മുന്നണി വിഷയങ്ങളിൽ വി ഡി സതീശന്റെ നിർദേശപ്രകാരം പ്രവർത്തിക്കേണ്ട കൺവീനർക്ക് അത്തരത്തിലുള്ള നിർദേശം ലഭിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
പാർട്ടിയിലും മുന്നണിയിലും നിലനിൽക്കുന്ന അഭിപ്രായഭിന്നതകൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും ഇക്കാരണത്താലാണ് കാര്യങ്ങൾ തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയങ്ങൾ എഐസിസി നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കുമെന്നും അടൂർ പ്രകാശ് അറിയിച്ചു.
