Headlines

13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ

ഫരീദാബാദ്: ഹരിയാനയിലെ ഗ്രേറ്റർ ഫരീദാബാദിൽ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ ആറ് പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഒളിവിലുള്ള മൂന്ന് പേർക്കായി പ്രത്യേക സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്.

കുനാൽ, ദീപക്, യാഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ 16കാരനായ സുഹൃത്തിനെ കാണാൻ പോയിരുന്നു. ഇരുവരെയും പിന്തുടർന്ന സംഘം ഗ്രേറ്റർ ഫരീദാബാദിലെ ഉപയോഗശൂന്യമായ കെട്ടിടത്തിലേക്ക് എത്തിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതി. ഇരുവരെയും മർദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായും പൊലീസ് റിപ്പോർട്ടിലുണ്ട്.

സംഭവം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ ആദ്യം വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീട് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ട അമ്മ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സെപ്തംബർ 29ന് കുടുംബം ബിപിടിപി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 16കാരനും ലൈംഗികാതിക്രമത്തിനിരയായെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം ഉൾപ്പെടെ സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading