
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ചൊവ്വാഴ്ച വൈകിട്ട് നാലുമുതൽ രാത്രി ഒൻപതുവരെ അടച്ചിടും. അഞ്ചുമണിക്കൂർ വിമാന സർവീസുകൾ നിർത്തിവെക്കുന്നതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ സമയക്രമം ഉറപ്പാക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി ചൊവ്വാഴ്ച പകൽ മൂന്നുമുതൽ രാത്രി പത്തുവരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. ഘോഷയാത്ര കടന്നുപോകുന്ന പ്രധാന റോഡുകളിൽ വാഹന പാർക്കിങ്ങിന് വിലക്കുണ്ട്. വാഴപ്പള്ളി ജങ്ഷൻ മുതൽ മിത്രാനന്ദപുരം, ഫോർട്ട് സ്കൂൾ വരെയും പടിഞ്ഞാറേനട മുതൽ ഈഞ്ചക്കൽ, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുമുള്ള റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
ഘോഷയാത്ര ശംഖുംമുഖം ആറാട്ടുകടവിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും കഴക്കൂട്ടം–കോവളം ബൈപാസ് റോഡിലെ ഈഞ്ചക്കൽ ജങ്ഷനിൽ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. വാഴപ്പള്ളി ജങ്ഷൻ, പടിഞ്ഞാറേക്കോട്ട, ശ്രീകണ്ഠേശ്വരം പാർക്ക്, പത്മവിലാസം റോഡ്, കൊത്തളം ജങ്ഷൻ എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടും.
ശംഖുംമുഖം ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ കല്ലുംമൂട്, പൊന്നറ, വലിയതുറ വഴിയുള്ള പാത ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വിമാനയാത്രക്കാരും നഗരത്തിലൂടെ സഞ്ചരിക്കുന്നവരും നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്ര മുൻകൂട്ടി ക്രമീകരിക്കണം.
