
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാസേന തിരച്ചിൽ നടത്തിയിരുന്ന അവസാന ഭീകരനെയും വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ കൊടുംഭീകരനായ മൂസയെയാണ് ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചത്. ഇന്നലെ രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെയോടെയാണ് അവസാനിച്ചത്.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന നാല് ഭീകരരുടെ ചിത്രങ്ങളിൽ ഉൾപ്പെട്ടവരിൽ മൂന്ന് പേരെ നേരത്തെ സുരക്ഷാസേന വധിച്ചിരുന്നു. ആദ്യ രണ്ട് ഭീകരരെ ‘ഓപ്പറേഷൻ മഹാദേവ്’ വഴിയും മൂന്നാമനെ ബദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിലൂടെയുമാണ് വധിച്ചത്.
എന്നാൽ നാലാമനായ മൂസയെ കണ്ടെത്താനുള്ള ശ്രമം തുടരുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി ബദ്ഗാമിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയത്. തുടർന്ന് ആരംഭിച്ച കനത്ത ഏറ്റുമുട്ടലിലാണ് മൂസ കൊല്ലപ്പെട്ടത്.
ഇതോടെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന നാല് ഭീകരരെയും സുരക്ഷാസേന വധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
