മണ്ണാർക്കാട്: പൊതുപ്രവർത്തകന്റെ സ്വകാര്യതയിൽ കടന്നുകയറി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി അപവാദപ്രചരണം നടത്തിയെന്ന പരാതിയിൽ നാട്ടുകൽ പോലീസ് അന്വേഷണം ആരംഭിച്ചു. തച്ചനാട്ടുകര പാലോട് സ്വദേശിയും പൊതുപ്രവർത്തകനുമായ ഷഹീറലി പി. നൽകിയ പരാതിയിലാണ് നടപടി.
സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് അനുവാദമില്ലാതെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തിയെന്നും, വ്യാജ വിവരങ്ങൾ കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചെന്നുമാണ് പരാതി.
തിരുവിഴാംകുന്ന് സ്വദേശി ഷാനിഫ് കെ., പാലോട് സ്വദേശി രാധാകൃഷ്ണൻ സി., ഭീമനാട് സ്വദേശി അബൂബക്കർ എൻ. (നാണി), പഴഞ്ചേരി സ്വദേശി അൻവർ സി.പി. എന്നിവർക്കെതിരെയും ‘ഹരിത ശബ്ദം, മണ്ണാർക്കാട്’, ‘വോയിസ് ഓഫ് ലീഗ്, മണ്ണാർക്കാട്’ എന്നീ ഫേസ്ബുക്ക് പേജുകളുടെ അഡ്മിൻമാർക്കെതിരെയുമാണ് പരാതി നൽകിയിട്ടുള്ളത്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സംഘം ചേർന്ന് ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയാണിതെന്നും, ഫേസ്ബുക്ക് പേജുകൾക്ക് പുറമേ ‘തച്ചനാട്ടുകര വിശേഷങ്ങൾ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി ഷഹീറലി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സൈബർ ഇടങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ദുരുപയോഗം ചെയ്ത് വ്യക്തിഹത്യയോ അപവാദ പ്രചാരണമോ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകൽ പോലീസ് മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇത്തരക്കാരെ കണ്ടെത്തി കർശനമായ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കണമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അധിക്ഷേപകരമായ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പുറമേ മണ്ണാർക്കാട് ഡിവൈ.എസ്.പി., പാലക്കാട് ജില്ലാ പോലീസ് മേധാവി എന്നിവർക്കും പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.

