
സുരേന്ദ്രനഗർ: മറ്റൊരു യുവാവിനൊപ്പം താമസിച്ചതിന്റെ പേരിൽ യുവതിയെ ചങ്ങലയ്ക്കിട്ട് ക്രൂരമായി മർദിക്കുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തതായി പരാതി. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസിക്കാൻ പോയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ മുറിയിൽ പൂട്ടിയിടുകയും ചങ്ങലയ്ക്കിടുകയും ചെയ്തിരുന്നു. അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പിന്തുടർന്ന് പിടികൂടി മരത്തിൽ കെട്ടിയിട്ടാണ് ആക്രമിച്ചതെന്നാണ് പരാതി.
‘ആചാരപരമായ ശുദ്ധീകരണം’ എന്ന പേരിൽ നാട്ടുകാരുടെ മുന്നിൽ യുവതിയെ അപമാനിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും പീഡനത്തിനിരയാക്കിയതായും പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. മറ്റുള്ളവർക്ക് മുന്നറിയിപ്പെന്ന നിലയിലാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് സംഭവത്തിൽ ഇടപെട്ടത്. ഭയന്നതിനാൽ യുവതി നേരിട്ട് പൊലീസിനെ സമീപിച്ചിരുന്നില്ലെന്ന് സുരേന്ദ്രനഗർ എസ്പി പ്രേംസുഖ് ദെലു പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം ഔദ്യോഗിക മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിച്ചത്.
