Headlines

ചേർത്തല അനന്തു വധക്കേസ്: ഒന്നും പത്തും പ്രതികൾക്ക് ജീവപര്യന്തം; ഒരു ലക്ഷം രൂപ വീതം പിഴ

ചേർത്തല: മുൻവൈരാഗ്യത്തെ തുടർന്ന് 17 അംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയ 17കാരൻ അനന്തുവിന്റെ വധക്കേസിൽ ഒന്നാം പ്രതിക്കും പത്താം പ്രതിക്കും ജീവപര്യന്തം കഠിനതടവ്. ഒരു ലക്ഷം രൂപ വീതം പിഴയും ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. അഡീഷണൽ സെഷൻസ് കോടതി മൂന്നിലെ ജഡ്ജി എം. ഷുഹൈബാണ് ശിക്ഷ പ്രഖ്യാപിച്ചത്.

വയലാർ പഞ്ചായത്ത് 13-ാം വാർഡ് തൈവീട്ടിൽ ശ്രീക്കുട്ടൻ (32), ആറാം വാർഡ് പാറേഴത്ത് വീട്ടിൽ അതുൽ (28) എന്നിവരെയാണ് ശിക്ഷിച്ചത്.

2017 ഏപ്രിൽ അഞ്ചിന് രാത്രി 10.15ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. നീലിമംഗലം രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് സുഹൃത്തിനൊപ്പം പോയ അനന്തുവിനെ വയലാർ നീലിമംഗലം ഷാപ്പിന് എതിർവശത്തെ മൈതാനത്ത് വെച്ച് പ്രതികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പട്ടണക്കാട് ഹൈസ്കൂളിന് പടിഞ്ഞാറുവശം കളപ്പുരയ്ക്കൽ വീട്ടിൽ അനന്തുവിന് തലയിലും കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു.

സുഹൃത്ത് ബൈക്കിൽ ചേർത്തല ആശുപത്രിയിലെത്തിച്ചെങ്കിലും അനന്തുവിന്റെ ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്നത്തെ സബ് ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രനാണ് കേസ് രജിസ്റ്റർ ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ മോഹൻലാലിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

കേസിലെ ഏഴ് പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ അവരുടെ വിചാരണ ചേർത്തലയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രത്യേക കോടതിയിൽ തുടരുകയാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ എൻ.ബി. ഷാരിയും അഡ്വ. സമീനയും ഹാജരായി.

Leave a Reply