Headlines

നേതാക്കൾക്ക് ഹാജർ നൽകുന്നത് തെറ്റായ കാര്യമെന്ന് ജി സുധാകരൻ

ആലപ്പുഴ: സർവീസ് സംഘടനാ നേതാക്കൾ ജോലിക്ക് ഹാജരാകാതെ ശമ്പളവും മറ്റ് പ്രത്യേക ആനുകൂല്യങ്ങളും കൈപ്പറ്റുന്നത് തെറ്റായ പ്രവണതയാണെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ പറഞ്ഞു.

സംഘടനാ നേതാവെന്ന പദവി ദുരുപയോഗം ചെയ്ത് സർവീസിലിരുന്ന കാലത്ത് ഒരിക്കൽ പോലും സ്കൂളിൽ പഠിപ്പിക്കാൻ പോകാതിരുന്ന അധ്യാപക സംഘടനാ നേതാക്കളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സർവീസ് കാലയളവിൽ ഒരു ദിവസം പോലും ഗവൺമെന്റ് സ്കൂളിൽ പോകാതിരുന്ന സംസ്ഥാന സെക്രട്ടറിമാർ വരെ നമുക്കിടയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്കൂളിൽ ഹാജരാകാതിരിക്കാൻ ഗവൺമെന്റിൽ നിന്ന് പ്രത്യേക ഇളവുകൾ ഉത്തരവിലൂടെ നേടിയെടുത്താണ് ഇത്തരക്കാർ പ്രവർത്തിച്ചിരുന്നത്. സംഘടനാ നേതാക്കൾ ആകുമ്പോൾ പ്രത്യേക ആനുകൂല്യങ്ങൾ നേടിയെടുക്കുകയല്ല, മറിച്ച് വിനയപൂർവ്വം പൊതുജന നന്മയ്ക്കായി പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് ജി. സുധാകരൻ വ്യക്തമാക്കി. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും അതിനുശേഷവും നിസ്വാർത്ഥരായ ആളുകൾ പൊതുരംഗത്തും ഭരണത്തിലും വന്നതുകൊണ്ടാണ് രാജ്യം മുന്നേറിയത്. അത്തരം നിസ്വാർത്ഥമായ പ്രവർത്തന സംസ്‌കാരം തിരിച്ചുകൊണ്ടുവരേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading